Tuesday, September 23, 2014

പ്രണയത്തിന്റെ തീര്‍ത്ഥയാത്ര | മിഥുന്‍ ഗംഗ

'ഞാനൊരു തീര്‍ത്ഥയാത്ര പോയി.
ഇന്നുവരെ പോയിട്ടില്ലാത്ത മനസ്സിന്റെ ആഴങ്ങളിലേക്ക്...
ഒരു വെളിച്ചം കണ്ട് ഞാനടുത്തു ചെന്നു...
ആ വെളിച്ചത്തിന്റെ അഗ്‌നിയില്
എരിഞ്ഞടങ്ങിയ ഒരു പ്രണയത്തിന്റെ
നൊമ്പരങ്ങളുണ്ടായിരുന്നു. ഞാന്‍ അവയെ വായിച്ചെടുക്കാന്‍ ശ്രമിച്ചു''

 പ്രണയത്തിന്റെ തീര്‍ത്ഥയാത്ര | മിഥുന്‍ ഗംഗ
ഇതൊരു യാത്രയാണ് ഓര്‍മകളില്‍ പ്രണയത്തിന്റെ കറുത്ത പുകതുപ്പി വരുന്ന ഒരു യാത്ര. ഇവിടെ ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമുള്ള ഭൂമിയിലൂടെ ആ പാതയെ ഞെരിച്ചമര്‍ത്തി അത് യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനെ ഞാന്‍ മരണമെന്ന് വിളിക്കും.ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും ജീവനെടുത്ത് ശൂന്യതയിലേക്ക് വലിച്ചെറിയുന്ന മരണമെന്ന്.
എന്റെ ഓര്‍മകളില്‍ ഇന്നും മായാത്ത അവളുടെ മുഖമുണ്ട് ആരെയും കൊതിപ്പിക്കുന്ന ആ പുഞ്ചിരിയുണ്ട്
നഷ്ടബോധത്തിന്റെ അടങ്ങാത്ത വേദനയുണ്ട്. വര്‍ഷങ്ങള്‍ നമുക്കു മുന്നില്‍ വീണുചിതറിയാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള് അനായാസമായി തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ അവളുടെ മധുര ശബ്ദത്തിനായി ഒരിക്കല്‍ കൂടി ഞാന്‍ കാതോര്‍ക്കുകയാണ്. അവധി ദിവസങ്ങളില്‍ ഞാനാ പഴയ പാതയിലൂടേ സഞ്ചരിക്കാറുണ്ട്. ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ പെയ്തുതോരാന്‍ മടിക്കുന്ന നഷ്ടപ്പെട്ടുപോയ സൌഹൃദങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിക്കാറുണ്ട്...ഇതിനിടയിലെപ്പോഴോ പ്രണയത്തിന്റെ ബാക്കിപാത്രമായി അവളും.!

ദൂരെനിന്ന് കടന്നുവരുമ്പോഴേ തിരിച്ചറിയാനാകും...അതവളാണെന്ന്.. ആരെയു കൊതിപ്പിക്കുന്ന പുഞ്ചിരിയും കണ്‍മഷിയുടെ അഴെകേകും മിഴികളും മുടിനാരില്‍ ചൂടിയ തുളസികതിരും അന്നെന്നെ പ്രണയത്തിന്റെ കൊട്ടാരങ്ങള്‍ പണിയിപ്പിച്ചു. ആത്മാവിനെ കീറിമുറിച്ചായാലും അവളെ പുറത്തെടുത്ത് അരികില്‍ നിര്‍ത്താന്‍ ഞാന്‍ വല്ലാതെ കൊതിക്കും. ഒരുപക്ഷേ കത്തുന്ന മിഴികളും, ജ്വലിക്കുന്ന മുഖവുമായി ഈ ലോകത്തെവിടെയെങ്കിലും അവളുണ്ടാവും.സ്വപ്നങ്ങളുടെ കടല്‍ ഉള്ളില്‍ തിളച്ചുമറിയുന്നത് കൊണ്ട് ഞാനാഗ്രഹിച്ചുപോകുകയാണ്..എന്നെ സ്‌നേഹിക്കാന്‍..കുത്തിക്കീറാന്‍,വേദനിപ്പിക്കാന്‍..സാന്ത്വനിപ്പിക്കാന്‍..ഒരിക്കല്‍കൂടി അവള്‍ വന്നിരുന്നെങ്കില്‍ വേദനയില്‍ പൊതിഞ്ഞ് നല്‍കുമ്പോഴാണ് സ്‌നേഹം ഊഷ്മളമാകുന്നതെന്ന തിരിച്ചറിവ് നല്‍കിയ, ഉള്ളിലുള്ളത് മറച്ചുപിടിച്ചാല്‍ നഷ്ടപ്പെടുത്തുന്ന ദിവസങ്ങള് ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് മനസിലാക്കിതന്ന ..വരണ്ടുപോയ മോഹങ്ങളുടെ വറുതിയില്‍പോലും പുഞ്ചിരിക്കാറുള്ള അവളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയിരുന്നെങ്കില്‍.
ഒരു പക്ഷേ ബലഹീനതയാവാം.ചാപല്യങ്ങള്‍ക്ക് പിന്നാലെ ഒരു പാതയില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്ന രണ്ട് മനസ്സുകള് കണ്ടതും,തിരിച്ചറിഞ്ഞതും ശൂന്യത മാത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഞാനേറെ വൈകിയിരുന്നു.നാളുകളേറെ കഴിഞ്ഞിട്ടും ആ പഴയ യാത്രകളില്‍ തന്നെ ഇന്നും ഞാന്‍ കുരുങ്ങിക്കിടക്കുകയാണ്.

കണ്ട് മുട്ടിയത് മഴയുടെ കുളിരണിയിക്കുന്ന ഒരു പ്രഭാതത്തിലാണ്. കാറ്റിന്റെ താളത്തിനൊത്ത് മഴ ചെരിഞ്ഞിറങ്ങുന്ന ആ പ്രഭാതത്തിലെ യാത്രയെ കുടുതല്‍ ഉന്‍മേഷമാക്കാന്‍ അവളുണ്ടായിരുന്നു.  ..പിന്നിലേക്ക് തലവെട്ടിച്ച് അവള്‍ പുഞ്ചിരിച്ചു. നുണക്കുഴികൊണ്ട് മനസ്സ് കീഴടക്കുന്ന പുഞ്ചിരിയും കണ്ണുകളില്‍ കരിമഷിയുടെ നിറപ്പകിട്ടും നോക്കി ഞാന്‍. നില്‍ക്കും.
മനസ്സില്‍ വന്നത് പുറത്ത്പറയാതെ അവളിലേക്കും ആ ജീവിതത്തിന്റെ വിശാലതയിലേക്കും പരസ്പരം അറിയാമായിരുന്നിട്ടും വാക്കുകളിലൂടെ സഞ്ചരിക്കാന് വൈകിയ നിമിഷങ്ങളെപറ്റി നഷ്ടക്കണക്കുകങ്ങളില്‍ എഴുതിച്ചേര്‍ക്കുന്നു.
മനസ്സില്‍ വന്നത് പുറത്ത് പറയാതെ അവളിലേക്കും ആ ജീവിതത്തിന്റെ വിശാലതയിലേക്കും പരസ്പരം അറിയാമായിരുന്നിട്ടും വാക്കുകളിലൂടെ സഞ്ചരിക്കാന്‍ വൈകിയ നിമിഷങ്ങളെപറ്റി നഷ്ടക്കണക്കുകങ്ങളില്‍ എഴുതിച്ചേര്‍ക്കുന്നു.
ദിവസങ്ങള്‍ ഒരുപാടെടുത്തു ഞങ്ങളടുക്കാന്‍. അവള്‍ക്കറിയാമായിരുന്നു ഞാനവളെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന്..എന്റെ മനസ്സില്‍ അധിനിവേശമായി എത്തിയ ആ മഴ അവളാണെന്ന്.... മനസ്സില്‍ സ്‌നേഹം പുരട്ടി തടവിയ ആ മയില്‍പ്പീലിത്തുണ്ട് അവളാണെന്ന്...
സ്‌നേഹം ശത്രുവിനെപ്പോലും മിത്രമാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് ജീവിതം പഠിപ്പിച്ചത് അവളുമൊത്തുള്ള ആ ദിവസളിലായിരുന്നു. അവള്‍ ഒരു സര്പ്പമായി എന്നെ ചുറ്റിവരിഞ്ഞ ആ നാളുകളില് പ്രണയമെന്ന സത്യം തുറന്നുപറഞ്ഞു. ഒരിക്കലും മോഹിക്കാനാവാത്ത വിധം ഉയരമേറിയതായിരുന്നു അവളുടെ ജാലകങ്ങളെന്ന് തിരിച്ചറിഞ്ഞ് ആഗ്രഹങ്ങളെ അവധിക്ക് വിട്ട് മറവിയില്‍ മുങ്ങിച്ചാവാന്‍ കൊതിക്കുകയായിരുന്നു ഞാന്‍.. .അവളെ ജീവിതത്തിലേക്ക് കൂട്ടാന്‍ കൊതിച്ചെങ്കിലും അതിനു കഴിയാത്തവിധത്തിലല്‍ നിലനിന്നിരുന്ന അന്തരങ്ങള്‍ ഞാന്‍ അവളറിയാതെ തിരിച്ചറിഞ്ഞിരുന്നു. എനിക്കറിയാം...ആ മനസ്സില്‍ ഞാന്‍ മാത്രമാണെന്ന്... മരണത്തില്‍ പോലും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ചുമന്ന മിഴികളുമായി അവള്‍ യാത്ര പറഞ്ഞിറങ്ങിപ്പോയി.
അവളില്ലാത്ത പകലിന്റെ ശൂന്യത എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.ഞാന്‍ തിരിച്ചറിയുകയായിരുന്നു അവളുടെ സാമീപ്യത്തിന്റെ അവര്‍ണ്ണനീയതകളെപറ്റി. യാത്രകളില്‍ മുഖത്തോട്മുഖം നോക്കി മിണ്ടാതിരിക്കുമ്പോഴും തിരിച്ചറിഞ്ഞിരുന്ന മൌനത്തിന്റെ ഭാഷകളെ പറ്റി. ഇതെന്റെ നിയോഗമാണ്.കാലം എന്നെ മോഹഭംഗങ്ങളുടെ നിരാശയില്‍ തളച്ചിടാനൊരുങ്ങുന്നു.
ഇനിയും കണ്ടുമുട്ടുമെന്നും കാലത്തിന് നമ്മളെ പിരിക്കാനാവില്ലെന്ന ഉറപ്പോടെ വേനലിന്റെ ഹൃദയത്തിലൂടെ ഞങ്ങള്‍ നടന്നുപോയി.അവസാനമായി അവള്‍ക്ക് നല്കിയ ജന്‍മദിനത്തിലെ ആശംസാ സന്ദേശത്തില്‍ എരിഞ്ഞു തുടങ്ങിയ ഹ്രദയത്തിന്റെ വേദന അവള്‍ തിരിച്ചറിഞ്ഞിരുന്നോ..? അവളുടെ പിടക്കുന്ന മിഴികളുടെ താളം ഞാനറിയുന്നു. അതിന് മറുപടിയായി ജന്മങ്ങള്‍ക്കപ്പുറവും ഞാന്‍ കാത്തിരിക്കാമെന്ന് വാക്കുതന്ന അവളുടെ സ്വരം എന്നില്‍ നിന്നും നഷ്ടമായി.പക്ഷേ എന്നോട് പറഞ്ഞ ജീവനുള്ള വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ കിടന്നു പിടക്കുന്നുണ്ട്. നാളെ കാണാമെന്ന് പറഞ്ഞ് ഒരു സായന്തനതില്‍ യാത്ര പറഞ്ഞുപോയ അവളെ ജീവിതത്തിലിതുവരെ കണ്ടെടുക്കാനായില്ല എനിക്ക്. പക്ഷേ മനസ്സില്‍ അവള്‍ എനിക്ക് സമ്മാനിച്ച നണുത്ത സ്‌നേഹം ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
'എന്റെ പേര് പൊടിപിടിച്ചുതുടങ്ങിയിരിക്കുന്നു... ഈ താളുകളില്‍ എന്റെ ഹൃദയത്തില്‍...പിന്നെ അവളിലും
 കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ വീണ്ടുമൊരുപാട് മുഖങ്ങള്‍ വന്നും പോയുമിരിക്കുന്നു. എന്നാലും അവളിന്നെ ചിന്ത എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു  എന്റെ ജീവിതം ജയിച്ചോ..തോറ്റോ..എന്നിനിയും പറയാനായിട്ടില്ല.പക്ഷേ ഒന്നുറപ്പാണ് അവള്‍ വിജയിച്ചിട്ടുണ്ടാവും. പുഞ്ചിരിയിലും ആ മിഴികളില്‍ ഞാന്‍ കണ്ട രൌദ്രത എങ്ങനെ മറക്കാനാകും?

മിഥുന്‍ ഗംഗ






Saturday, September 13, 2014

ചൈത്രം ചായം ചാലിച്ചൂ...

ചില പാട്ടുകള്‍ നമുക്കു വേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് പ്രണയിക്കുമ്പോള്‍. പ്രണയികളില്‍ ഒരാള്‍ പാടുമെങ്കില്‍ പിന്നെ അവരുടെ നേര്‍ക്ക് ചെവിയോര്‍ത്താല്‍ മതി യേശുദാസോ ചിത്രയോ പോലും പകരാത്ത പ്രണയഭാവങ്ങള്‍ കേള്‍ക്കാന്‍. അങ്ങനെ അവള്‍ക്ക് അല്ലെങ്കില്‍ അവന് പ്രിയപ്പെട്ട പാട്ടായിരിക്കും അവരുടെ തീം സോങ്. 'ചില്ല് എന്ന ചിത്രത്തിലെ 'ചൈത്രം ചായം ചാലിച്ചു എന്ന ഗാനം ഇങ്ങനെ ഒരുപാട് പ്രണയികളുടെ ഇഷ്ടഗാനമാണ്.

'നിന്റെ ശബ്ദത്തിലാണ് എനിക്കീ പാട്ട് ഇത്ര മനോഹരമായി തോന്നിയിട്ടുള്ളത് എന്ന് അവള്‍ തീര്‍ച്ചയായും പറയും. കാരണം, അവളെ അവന്‍ വര്‍ണിക്കുന്നതുപോലെ തോന്നും വരികള്‍ കേട്ടാല്‍. പാടുമ്പോള്‍ അറിയാതെ പ്രണയം അതിന്റെ മാസ്മരികത കാട്ടുകയും ചെയ്യും. ഒരു കാമുകിയുടെ എല്ലാ സൗന്ദര്യവും ആകര്‍ഷണീയതയും അവളുടെ കാമുകന്റെ മനസ്സാണെന്ന് ഈ പാട്ട് പറഞ്ഞുതരും.


കാല്പനികതയുടെ ആവര്‍ത്തിച്ച ചെകിടിപ്പുകളൊന്നും കലരാത്ത അതിമനോഹരമായ വര്‍ണനകളാണ് ഒഎന്‍വി ഈ പാട്ടിന് നല്‍കിയിരിക്കുന്നത്. കാലങ്ങളായി പ്രണയ കവിതകളിലും ഗാനങ്ങളിലും ഉപയോഗിച്ചു വരുന്ന പ്രണയിനിയുടെ രൂപസൗഭഗ വര്‍ണനകള്‍ ഒഎന്‍വിയിലൂടെ കേള്‍ക്കുമ്പോള്‍ അമ്പേ പുതിയതാകും. വികാരങ്ങളില്‍ ചോരയോട്ടമറിയും. കാമുകഹൃദയത്തിന്റെ അപകടകരമാം വിധം സത്യസന്ധവും നിഷ്‌കളങ്കവുമായ തിരയിളക്കം കാണാം.

നിന്നെ എനിക്ക് നഷ്ടപ്പെട്ടു എന്ന് ഒരിടത്തും പറയുന്നില്ലെങ്കിലും അതിശക്തമായ നഷ്ടബോധത്തിന്റെ തീവ്രവേദന ഉള്ളിലേക്ക് അരിച്ചിറങ്ങും ഈ പാട്ട് കേട്ടാല്‍. എം.ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകനെ നമിച്ചുപോകുന്നതും ഇതേ കാരണത്താലാണ്.

https://www.youtube.com/watch?v=c0m6v_U4DXk

1982-ലാണ് ചില്ല് പുറത്തിറങ്ങിയത്. ജീവിതം പിടിച്ചേല്‍പിക്കുന്ന നിസ്സഹായതകളും അതിനോട് പൊരുത്തപ്പെടാനാകാത്ത മനസ്സിന്റെ പിടച്ചിലുകളും താളം തെറ്റലുകളുമാണ് ചില്ലില്‍ പ്രതിഫലിച്ചത്. ചിത്രത്തിലൂടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പങ്കുവയ്ക്കുന്ന വികാരങ്ങള്‍ക്കെല്ലാം ഈ ഒരു പാട്ടിലൂടെ യേശുദാസ് സ്വരം കൊടുക്കുന്നു.

ശാന്തമാണ് ചക്രവാകം രാഗത്തിന്റെ ഭാവം. വിഷാദത്തിന്റെ ഉച്ഛസ്ഥായിയിലാണ് ഈ ഗാനത്തില്‍ ചക്രവാകത്തിന്റെ ശാന്തത നിറയുന്നത്. ഈ പാട്ടിനു വേണ്ടി മാത്രം ചില്ല്  കാണുന്ന പലരെയും കണ്ടിട്ടുണ്ട്. അവളുടെ കവിള്‍ത്തട്ടില്‍ പടര്‍ന്ന കുങ്കുമം ഓര്‍മയില്‍ ചാലിച്ചു പുരട്ടുന്ന ഈ പാട്ടിന് എല്ലാവര്‍ക്കും തിരിച്ചറിയാനാകുന്ന ഒരു പൊതു വികാരമുണ്ട്. നഷ്ടബോധത്തിന്റൈ പുകച്ചില്‍ അസ്വസ്ഥമാക്കുന്ന രാത്രികളില്‍ തലയണ നനച്ചങ്ങനെ പെയ്തിറങ്ങും ഈ പാട്ട്. കണ്ണടച്ചാവും അവള്‍ ഈ പാട്ട് കേള്‍ക്കുക. പാടിത്തീരുമ്പോള്‍ ചോദിക്കും; 'ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഏതാണെന്നറിയാമോ? നനവ് പടര്‍ന്ന കണ്ണുകളോടെ അവന്‍ പാടിത്തുടങ്ങും... എങ്ങു നിന്നെങ്ങു നിന്നീ കവിള്‍ത്തട്ടിലീ....

ചിത്രം: ചില്ല് (1982)

സംഗീതം: എം.ബി. ശ്രീനിവാസന്‍

രചന: ഒഎന്‍വി

ആലാപനം: യേശുദാസ്

വരികള്‍:

ചൈത്രം ചായം ചാലിച്ചൂ

നിന്റെ ചിത്രം വരയ്ക്കുന്നൂ..

ചാരുചിത്രം വരയ്ക്കുന്നൂ...  (ചൈത്രം)

എങ്ങുനിന്നെങ്ങു നിന്നീ

കവിള്‍ത്തട്ടിലീ

കുങ്കുമവര്‍ണം പകര്‍ന്നൂ.. (2)

മാതളപ്പൂക്കളില്‍ നിന്നോ..

മലര്‍വാക തളിര്‍ത്തതില്‍ നിന്നോ...

പാടിപ്പറന്നുപോം എന്‍ കിളിത്തത്തതന്‍

പാടലമാം ചുണ്ടില്‍ നിന്നോ...

ആ..അആഅആ...അഅആ..അഅആ..അഅആ... (ചൈത്രം)

എങ്ങു നിന്നെങ്ങു നിന്നീ

കുളിര്‍ നെറ്റിയില്‍

ചന്ദനവര്‍ണം പടര്‍ന്നൂ... (2)

ഈ മിഴിപ്പൂവിലെ നീലം..

ഇന്ദ്രനീല മണിച്ചില്ലില്‍ നിന്നോ...

മേനിയിലാകെ പടരുമീ സൗവര്‍ണം

ഏതുഷസ്സന്ധ്യയില്‍ നിന്നോ...

ആ..അആഅആ...അഅആ..അഅആ..അഅആ...  (ചൈത്രം)