ഗ്രീഷ്മത്തിൽ നിന്നും തപം ചെയ്തെടുത്ത നാളുകൾ വേറുതെയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു . ആകാശത്തോളം പ്രാർത്ഥനകളുമായി ഞാൻ കാത്തിരുന്ന പ്രിയപ്പെട്ട മഴക്കാലം, ഇപ്പോഴെന്റെ തടവറ യാവുകയാണ് . എണ്ണിത്തീർക്കാവുന്നതിലധികം അനുഭൂതികളും, മഴവില്ലിനേക്കാളും വർണങ്ങളും നിറഞ്ഞ വർഷകാലമൊക്കെ എങ്ങോ ഒഴുകിത്തീർന്നിരിക്കുന്നു. കണ്ണുനീരും മഴത്തുള്ളികളും അലിഞ്ഞ് ഒന്നായിത്തീരുന്ന വിരഹത്തിന്റെ മറ്റൊരു പേരാണ് , എനിക്കിന്ന് ജൂണ്‍..
മഴയുടെ ഭാവങ്ങളെയെന്ന പോലെ അവളുടെ മനസും കൃത്യമായി പ്രവചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ നാളുകളിൽ ഭൂമിയും ആകാശവും എന്റെ പ്രണയത്തിന് വേണ്ടി മാത്രം പാട്ടുകൾ പാടിയിരുന്നു. കാലം തെറ്റിപ്പെയ്യുന്ന ഋതുക്കളെ ശപിക്കുന്നതിന് മുമ്പെ , അവളുടെ നീതിശാസ്ത്രങ്ങളെ കണക്കു കൂട്ടാൻ ശീ ലിക്കാ ത്ത എന്റെ അറി വുകേടിനെ പഴിച്ചാൽ മതിയല്ലോ! ഉള്ളിൽ നിറയുന്ന കാല്പനികമായ സ്നേഹത്തിന് ഈ മഴ കൂട്ട് നിൽക്കില്ല എന്നത് എന്റെ മാത്രം വിധിയാണ്.
പെയ്യാൻ കൂട്ടാക്കാതെ വലിയ ആകാശത്ത് നിരന്ന് നില്ക്കുന്ന മേഘങ്ങൾ , കറുത്ത കണ്ണുകൾ തുറന്ന എന്നെ ഭയപ്പെടുത്തുന്നു. യുദ്ധമുഖത്തെന്ന പോലെ അവ വരിയൊപ്പിച്ച് നിൽക്കുമ്പോൾ, ഇവിടെ ഞാനൊറ്റയ്ക്കാണ് . ഒരിക്കലും രക്ഷിക്കില്ലെന്നുറ പ്പുള്ള ഓർമ്മകൾ, എനിക്ക് ഒരു പ്രതീക്ഷയും നൽകുന്നില്ല . നിർദയമായ ഏത് ശിക്ഷയും വിധിച്ച് കൊള്ളുക.. ഏറ്റുവാങ്ങാനൊരുങ്ങിയാണു ഞാൻ വന്നിരിക്കുന്നത്!
അത്രമേൽ സ്നേഹം പകുത്ത് നല്കിയിട്ടും അവൾ പകർന്നു തരാത്ത കനിവ്, മഴയോട് ചോദിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്(?). അല്ലെങ്കിലും നിസ്വാർഥ മായ സ്നേഹത്തിന്റെ പര്യവസാനം അങ്ങനെയൊക്കെയാണ്.. കാലത്തിന് നോക്കിച്ചിരിക്കാനുള്ള ദുരന്ത കഥാപാത്രത്തിന്റെ വേഷപ്പകർച്ചകൾ എനിക്കിണങ്ങുമോ ആവോ..
മഴ പെയ്യുന്ന പ്രഭാതങ്ങളിൽ മൂടിപ്പുതച്ചുറ ങ്ങാൻ ഇഷ്ടമായിരുന്നിട്ടും, മേൽക്കൂര നഷ്ടപ്പെട്ട ജീവിതവുമായി ഒറ്റയ്ക്ക് നനയുകയാണ് ഞാൻ.. ആശ്വാസത്തിന്റെ അഭയങ്ങളില്ലാതാവുമ്പോൾ, കരയാനുള്ള മറ്റൊരു കാരണമാണ് എനിക്കിന്ന് മഴ.. ഓരോ മഴ പെയ്തു തുടങ്ങുമ്പോഴും ഞാൻ ഞെട്ടിയുണരുന്നു. മഴ ഓർമപ്പെടുത്തുന്നതെല്ലാം അവളെപ്പറ്റിയാണ് .. അകന്ന് പോയിട്ടും അവളെയെനിക്ക് മടുക്കില്ലെന്ന് ഉറപ്പുള്ളത്ത് കൊണ്ടാണ് സ്നേഹത്തിന്റെ മഴത്തുള്ളികൾ ഉള്ളിൽ അങ്ങനെ തന്നെ അവശേഷിക്കുന്നത് ..
പ്രണയത്തിന്റെ മഷിത്തണ്ടിൽ മഴ മാത്രം നിറയുമ്പോൾ, ഓർമ്മകൾ അവളെക്കുറിച്ചുള്ള കവിത എഴുതിത്തുടങ്ങുന്നു.. അവളുടെ ഓരോ ഭാവങ്ങളെയും മഴ തന്മയത്വത്തോടെ അനുകരിക്കാൻ ശ്രമിക്കുന്നു.. പതിഞ്ഞ നൂലിഴകളായി പെയ്യുന്ന മഴ, അവളുടെ പുഞ്ചിരി പോലെ വശ്യമാണ് .. നിർത്താതെ പെയ്യുന്ന നേരങ്ങളിൽ , അവളനുഭവിപ്പിച്ച സ്നേഹത്തിന്റെ ഒരു കാലം തന്നെ മഴയോടൊപ്പം ഒഴുകിവരുന്നു.. ഇപ്പോൾ പെയ്യുമെന്ന് കൊതിപ്പിക്കുന്ന സന്ധ്യകളിൽ അവൾ പിണങ്ങിനിൽക്കുകയാണെന്ന് ആർക്കാണ് അരിഞ്ഞുകൂടാത്തത് ? ഒടുവിൽ മഴ പെയ്യാത്ത തീരങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവനായി നിൽക്കുമ്പോൾ, മനസ് മരുഭൂമി പോലെ പൊള്ളുകയാണ് ..!
കുളിര് ചൊരിയുന്ന പെരുമഴയത്തും ഓർമ്മകളുടെ താപം കൊണ്ട് ഞാൻ ഉരുകിയൊലിക്കുകയാണ് .. വിരഹം തീർത്ത മുറിപ്പാടുകളിൽ മഴത്തുള്ളികൾ പിന്നെയും ചാലിട്ടൊഴുകുന്നു . പോയകാലത്തെ ഉന്മാദങ്ങളെക്കുരിച്ചോർക്കുമ്പോ ൾ , നഷ്ടബോധത്തിന്റെ കാർമേഘങ്ങൾ വന്നെന്നെ പൊതിയുന്നു.. ദു:ഖങ്ങൾ മാത്രം തിരികെ നല്കിയിട്ടും എനിക്ക് നിന്നോട് പകയോ പരിഭവങ്ങളൊ ഇല്ല.. ഇതുവരെയും നിന്നെ വെറുക്കാനുള്ള ഒരു കാരണം പോലും ജീവിതത്തിലെനിക്ക് കണ്ടെത്താനായിട്ടില്ല എന്നത് എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുന്നു..!
ഞാനനുഭവിക്കുന്ന വിരഹത്തിന്റെ തീവ്രതയും ഹൃദയം സംവേദിപ്പിക്കുന്ന സ്നേഹത്തിന്റെ അളവും , പറഞ്ഞു തരാവുന്നതിലും എത്രയോ അധികമാണ് .. പകർന്നു നല്കിയ കരുതലിന്റെ കണക്കെഴുതുന്നതിലെ യുക്തിയെ മറന്നേക്കുക.. ആയുസിൽ നീ ആസ്വദിച്ച മഴത്തുള്ളികളെല്ലാം ചേർത്തുവെച്ചാലും അതിന് തുല്യമാവില്ലെന്ന് മാത്രം അറിയുക..
അവളുടെ പേരിനോടൊപ്പം ലോകം എന്നെ ചേർത്തുവായിച്ചപ്പോഴൊക്കെ ഞാൻ ആനന്ദത്തിന്റെ ആയിരം മഴവില്ലുകൾ തൊട്ടു.. അവിടെ അനുരാഗത്തിന്റെ മഴക്കാലം നിരത്താതെ പെയ്തുകൊണ്ടിരുന്നു.. ഞാനും അവളും പിന്നെ ഈ മഴയും കൂടിച്ചേരുമ്പോൾ പ്രണയത്തിന്റെ എല്ലാ നിർവ്വചനങ്ങളും പൂർണ്ണമാകുന്നത് ഞാൻ തിരിച്ചറിയുന്നുണ്ട്..
ഇനി ഒരു വട്ടം കൂടി അവളെന്റെ ജീവിതത്തിലേക്ക് മഴയായി പെയ്യില്ലെന്നറി ഞ്ഞിട്ടും, ഞാനെതിനാണ് ഓർമ കൾക്ക് കാവലിരിക്കുന്നത്? തിരിച്ചുകിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് ഞാനവളെ ഇത്രമേൽ ഗാഢമായി പ്രണയിക്കുന്നതെന്തിനാണു? രണ്ട് മഴകൾക്കിടയിലെ ഇടവേളകളെ ആർക്കാണ് കൃത്യമായി പ്രവചിക്കാൻ കഴിയുക? എന്റെ പക്കൽ ഇതിനൊന്നും കൃത്യമായി പറഞ്ഞ് തരാവുന്ന ഉത്തരങ്ങളില്ല..
മഴ പാടുന്ന പാട്ടുകളും, മഴ പെയ്യുന്ന നേരങ്ങളിൽ ഞാൻ കേൾക്കുന്ന ഹൃദയം തകർക്കുന്ന സംഗീതവും എന്നെ കൂട്ടിക്കൊണ്ട് പോകുന്നത് അവളുടെ ഓർമകളിലേക്കാണ് .. മനസ്സിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കഴിയുന്നില്ല എന്നത് എന്റെ ഗതികേടായിരിക്കാം.. ഭ്രാന്തമായ അഭിനിവേശ ത്തോടെ രാവും പകലും അവളിലേക്ക് ചേർന്നു നില്ക്കുന്നത് ഞാൻ കാണിക്കുന്ന അവിവേകമാണ് .. പക്ഷെ, ഈ ചാപല്യങ്ങൾ കൂടിച്ചേരുന്നിടത്ത് മാത്രമാണ് ഞാനുള്ളത്!
പ്രണയമില്ലാതെ ഒരു മഴക്കാലമില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. കൂട്ടിന് അവളില്ലാതാകുന്നു എന്നതാണ് യാഥാർത്ഥ്യം .. ആ നൊമ്പരങ്ങളിൽ പടര്ന്നു വീഴുന്ന കണ്ണുനീര് കൊണ്ട് എന്റെ കടലാസുതാളിൽ മറ്റൊരു പെരുമഴക്കാലം പെയ്തു തുടങ്ങുന്നു..
No comments:
Post a Comment